P.VIJAYAKUMAR

Sunday, September 16, 2012

പാതിമഴ


പാതി വാടിയ പൂക്കൾ,
പാതി കൂമ്പിയ കൺകൾ,
പാതി മൂടിയ വാനം,
പാതിയായൊരീ നദി.

പാതിയോർമ്മയിൽച്ചിലർ
ഇഴയും നെടുമ്പാത.
പാതിനിദ്രയിൽച്ചിലർ
പുലമ്പുമവ്യക്തത.

പാതിയാണല്ലോ ഞാനു-
മെന്നോർത്തു പോകുമ്പോഴീ
പാതയിലങ്ങിങ്ങായി-
പ്പൊഴിയും ജലകണം-
പാതിയായ്ച്ചാറും മഴ.

പാതിയാകുവാനെന്തി-
തൊക്കെയുമെന്നോർക്കുമ്പോൾ,
പാതി കത്തുന്നൂ ചിന്ത

ഞാനൊരു പൂർണ്ണബിന്ദു
സ്വപ്നം കണ്ടിരിക്കുന്നൂ
പാതിയും പൊളിഞ്ഞൊരു
പാതിബോധത്തിൻ ബഞ്ചിൽ!

Wednesday, September 5, 2012

ശിശിരം


അടഞ്ഞ ജനൽപ്പാളിയുടെ
ഈർക്കിൽ വിടവിലൂടെ
അരിച്ചെത്തുന്ന ഒരു മുഴം കാറ്റിനെ
ഞാൻ ശപിച്ചു.
അതെന്റെ മുഖത്തു തുളഞ്ഞു കയറുന്നു,
അമ്പു പോലെ.
പാദങ്ങൾ നിലത്തു തൊടാതെ
പെരുവിരലൂന്നി ഞാൻ കട്ടിലിലെത്തി.
പുതപ്പിനിള്ളിൽ നുഴഞ്ഞു കയറി.

ഫ്ലാറ്റിനു താഴെ
സർദാറിന്റെ കാർ സ്റ്റാർട്ടാകുന്നേയില്ല,
എത്ര ശ്രമിച്ചിട്ടും.
എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട്‌
ഞാൻ പിടഞ്ഞെണീറ്റ്‌ താഴേക്കു നോക്കി.
സർദാർ കാറിനെ തൊഴിക്കുകയാണ്‌.

അയാൾ വീട്ടിലേക്കു നടക്കുമ്പോൾ
മുടന്തുന്നുണ്ടായിരുന്നു,
ഓർമ്മ പോലെ.

ഭൂമി അനക്കമറ്റു കിടക്കുന്നു.
മരവിച്ച്‌,
ഒന്നുമുരിയാടാനാകാതെ.
നാളെ സൂര്യനെ കാണാനാവുമോ?
നാളെ, അല്ലെങ്കിൽ,
ഏറിയാൽ മറ്റന്നാൾ.
അതിനപ്പുറം പോവുമോ?
എത്താതിരിക്കുന്നതെങ്ങനെ?

മോഹം ഒരു മാലാഖയാണ്‌.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ.
ഞാൻ അതിന്റെ കൂട്ടു പിടിച്ച്‌
വീണ്ടും കിടന്നു.
കണ്ണുകളടച്ച്‌ ഓർമ്മയിൽപ്പരതി.
മധ്യവേനലിലെ സൂര്യന്റെ രൂപം
എങ്ങനെയിരിക്കും?
മനസ്സിലേക്കു ചൂടിന്റെ സ്വപ്നം സംക്രമിച്ചു.
പിറ്റേന്നുമെന്നെ ഉണർത്തിയത്‌,
പക്ഷെ,
കറുത്ത വെട്ടം.

മുറ്റത്തിറങ്ങിയപ്പോൾ,
പാൽക്കാരൻ യാദ്‌വീർ പറഞ്ഞു:
'സൂര്യൻ മരിച്ചു'.
ഞാൻ ആകാശത്തേക്കു നോക്കി.
'ഇവിടെ നോക്കൂ '-
അവൻ പിന്നിലേക്കു ചൂണ്ടി:

കുതിർന്ന മണ്ണിൽ
ചേതനയറ്റ്‌
ഒരു പോമറേനിയൻ നായ.

Thursday, August 23, 2012

തീയും തിരകളും


കള്ളവുമില്ല, ചതിയുമില്ല :
കൽപകാലത്തോളം ജീവനില്ല!
കാണുന്നതൊക്കെയും സത്യമല്ല.
കാണാത്തതോ വെറും നിഴലുമല്ല.

ഏകാന്തമേഘങ്ങൾ സന്ധ്യയല്ല.
ഏകരായെങ്ങും നാമെത്തുകില്ല.
ഈ രാവിലെല്ലാരുമൊന്നു പോലെ
തോരാമഴയിലെത്തുള്ളി പോലെ.

മോഹലക്ഷവന്ധ്യ താപങ്ങളിൽ
എന്തായാലെ,ന്തെന്നൊരുണ്മയില്ല

എന്തിനീയോർമ്മകളെത്തിയെന്നിൽ?
എന്തിനീ പൂവിളി കേൾപ്പൂ വീണ്ടും?
എത്രയായാലും നാം മർത്ത്യരല്ലേ?
എങ്ങോ പകലെന്ന ദൂരമല്ലേ?

കാടു വിളിക്കുമ്പോൾ കൂട്ടുകാരാ,
കാറ്റു ക്ഷണിക്കുമ്പോൾ കാഴ്ചക്കാരാ,
കാലം തിളയ്ക്കുന്നു നെഞ്ചിലിന്നും,
കാണ്മൂ  ചിറകെത്രയായിരങ്ങൾ!

ആധിയും വ്യാധിയുമൊന്നുമില്ല
ആദിമധ്യാന്തങ്ങളോർക്കുകില്ല.
തീയും തിരയും കടന്നു പോകാൻ
തീരാക്കടലിൽ നാമൊന്നു ചേരാം.

എല്ലാം ചികഞ്ഞുള്ളു നീറിപ്പാടാം.
എല്ലാം തെളിഞ്ഞുയിർ ചേർന്നു പോകാം.

Friday, July 20, 2012

തോന്നലുകൾ


നിന്നെ ഞാൻ കണ്ടതാണിന്നും –
നെഞ്ചിൽ ജീവിക്കുന്ന തോന്നൽ!
പാട്ടിന്റെ പക്ഷിയെത്തുമ്പോൾ
കേൾക്കുന്നുവെന്നൊരു തോന്നൽ.
വറ്റും പുഴയൊഴുകുമ്പോൾ,
വെള്ളം കവിഞ്ഞെന്നു തോന്നൽ.
ഇറ്റും മഴത്തുള്ളിയിൽ ഞാൻ
ഇറ്റുന്നുവെന്നൊരു തോന്നൽ.
 രാത്രിയോർത്തെത്തും നിലാവിൽ
വെട്ടമുണ്ടെന്നൊരു തോന്നൽ.
കൊല്ലും കടമ്പകളൊക്കെ
ഇല്ലാത്തതാണെന്ന തോന്നൽ.
പുഞ്ചിരിക്കോലായിലെന്നും
നമ്മളാണെന്നൊരു തോന്നൽ.
പ്രാണന്റെ നീലമേഘത്തിൽ
നക്ഷത്രമുണ്ടെന്ന തോന്നൽ.
പാതിരാമുറ്റത്തിലെങ്ങോ
പാതയുണ്ടെന്നെന്റെ തോന്നൽ.
പാതവിളക്കിൻ നദിയിൽ
പാലമുണ്ടെന്നൊരു തോന്നൽ.
നേരിന്റെ നേരായ്ത്തുടങ്ങി
നാഡി പിളർക്കുന്ന തോന്നൽ.
ചോരയിലുയിർക്കുന്ന തോന്നൽ.
ഓർമ്മ തൻ ശ്വാസമാം തോന്നൽ.
എല്ലാമറിയാനിറങ്ങി
എത്താതെയെത്തുന്ന തോന്നൽ

ജീവിച്ചുവെന്നൊരു തോന്നൽ -
തീയിൽ മരിക്കാത്ത തോന്നൽ.

Saturday, July 7, 2012

വേനൽ


 ഏഴു മണിയുടെ ബസ്സ്‌
ഇനിയും വരാത്തതെന്തു കൊണ്ട്‌?
കാലം കത്തിത്തുടങ്ങുന്നു.
ഒപ്പം ഞാനും.
വെയിലിന്‌ ഈ നേരത്തും അഞ്ചു പത്തി....

എട്ടു മണിയുടെ ബസ്സ്‌
എത്താത്തതെന്തു കൊണ്ട്‌?
ഇലകൾ വാടുന്നു.
ചിന്തയുടെ ചില്ലകളിൽ
സംഭ്രാന്തിയുടെ കലമ്പൽ.

ഒമ്പതു മണിയുടെ ബസ്സും വന്നില്ല.
കാറ്റിന്റെ ചിറകുകൾക്ക്‌ സൂര്യാഘാതം.
ഇനിയുമെന്തിന്‌?
കുന്നിൻപുറത്തെ എന്റെ വീട്ടിലേക്ക്‌
ഞാൻ തിരികെ നടന്നു കയറി.

മേലെയെത്തി നോക്കുമ്പോൾ
മൂന്നു ബസ്സും ഒരുമിച്ചു താഴെ.
എന്നെക്കൂടാതെ അവ പാഞ്ഞു പോയി.

Sunday, June 24, 2012


തുടക്കം മുതൽ തുടക്കം വരെ

ഒഴുകുന്നിടത്തൊന്നുമെത്താതെ,
എത്തുന്നിടത്തൊന്നുമൊഴുകാതെ,
ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്,
എന്തിനു പോകണം നീ പകലേ?
എന്തിനു ദുരിതങ്ങൾ കൂടെ വേണം?
എല്ലാം വലിച്ചെറിഞ്ഞുല്ലാസമായ്‌,
എല്ലാം തുലച്ചലിഞ്ഞേകാഗ്രമായ്‌,
പോകാനൊരുങ്ങുന്നു ഞാനിതിലേ.
പോരുന്നോ നീയുമിന്നെന്റെ കൂടെ?
പൂജ്യത്തിൽ വീണ്ടും തുടങ്ങി നോക്കാം.
ആദിയിൽ നിന്നേ നടന്നു നോക്കാം.

Saturday, June 23, 2012


ഇന്നത്തെ സൂര്യൻ


ഇന്നത്തെ സൂര്യൻ
നാളെയില്ല.
നാളത്തെ പൂക്കളെ
ഇന്നു കാണില്ല.
ഇന്നുള്ള മിഴികൾ
നാളെയുണ്ടാവുകയുമില്ല.
നാളെ ഞാനുമുണ്ടാവില്ല.
വെളിച്ചം കുടിക്കുന്ന
ഈ വഴികളും,
പറക്കുമ്പോഴും
ചിറകു തേടുന്ന
പക്ഷികളും ഉണ്ടായെന്നിരിക്കില്ല.
നാളെ
പകലും രാത്രിയും
ഉണ്ടാവും.
സന്ധ്യയുടെ മേഘനൃത്തങ്ങളുണ്ടാവും.
അവയ്ക്കു, പക്ഷേ,
ഒന്നും ഓർമ്മയുണ്ടാവില്ല.