P.VIJAYAKUMAR

Sunday, September 16, 2012

പാതിമഴ


പാതി വാടിയ പൂക്കൾ,
പാതി കൂമ്പിയ കൺകൾ,
പാതി മൂടിയ വാനം,
പാതിയായൊരീ നദി.

പാതിയോർമ്മയിൽച്ചിലർ
ഇഴയും നെടുമ്പാത.
പാതിനിദ്രയിൽച്ചിലർ
പുലമ്പുമവ്യക്തത.

പാതിയാണല്ലോ ഞാനു-
മെന്നോർത്തു പോകുമ്പോഴീ
പാതയിലങ്ങിങ്ങായി-
പ്പൊഴിയും ജലകണം-
പാതിയായ്ച്ചാറും മഴ.

പാതിയാകുവാനെന്തി-
തൊക്കെയുമെന്നോർക്കുമ്പോൾ,
പാതി കത്തുന്നൂ ചിന്ത

ഞാനൊരു പൂർണ്ണബിന്ദു
സ്വപ്നം കണ്ടിരിക്കുന്നൂ
പാതിയും പൊളിഞ്ഞൊരു
പാതിബോധത്തിൻ ബഞ്ചിൽ!

Wednesday, September 5, 2012

ശിശിരം


അടഞ്ഞ ജനൽപ്പാളിയുടെ
ഈർക്കിൽ വിടവിലൂടെ
അരിച്ചെത്തുന്ന ഒരു മുഴം കാറ്റിനെ
ഞാൻ ശപിച്ചു.
അതെന്റെ മുഖത്തു തുളഞ്ഞു കയറുന്നു,
അമ്പു പോലെ.
പാദങ്ങൾ നിലത്തു തൊടാതെ
പെരുവിരലൂന്നി ഞാൻ കട്ടിലിലെത്തി.
പുതപ്പിനിള്ളിൽ നുഴഞ്ഞു കയറി.

ഫ്ലാറ്റിനു താഴെ
സർദാറിന്റെ കാർ സ്റ്റാർട്ടാകുന്നേയില്ല,
എത്ര ശ്രമിച്ചിട്ടും.
എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട്‌
ഞാൻ പിടഞ്ഞെണീറ്റ്‌ താഴേക്കു നോക്കി.
സർദാർ കാറിനെ തൊഴിക്കുകയാണ്‌.

അയാൾ വീട്ടിലേക്കു നടക്കുമ്പോൾ
മുടന്തുന്നുണ്ടായിരുന്നു,
ഓർമ്മ പോലെ.

ഭൂമി അനക്കമറ്റു കിടക്കുന്നു.
മരവിച്ച്‌,
ഒന്നുമുരിയാടാനാകാതെ.
നാളെ സൂര്യനെ കാണാനാവുമോ?
നാളെ, അല്ലെങ്കിൽ,
ഏറിയാൽ മറ്റന്നാൾ.
അതിനപ്പുറം പോവുമോ?
എത്താതിരിക്കുന്നതെങ്ങനെ?

മോഹം ഒരു മാലാഖയാണ്‌.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ.
ഞാൻ അതിന്റെ കൂട്ടു പിടിച്ച്‌
വീണ്ടും കിടന്നു.
കണ്ണുകളടച്ച്‌ ഓർമ്മയിൽപ്പരതി.
മധ്യവേനലിലെ സൂര്യന്റെ രൂപം
എങ്ങനെയിരിക്കും?
മനസ്സിലേക്കു ചൂടിന്റെ സ്വപ്നം സംക്രമിച്ചു.
പിറ്റേന്നുമെന്നെ ഉണർത്തിയത്‌,
പക്ഷെ,
കറുത്ത വെട്ടം.

മുറ്റത്തിറങ്ങിയപ്പോൾ,
പാൽക്കാരൻ യാദ്‌വീർ പറഞ്ഞു:
'സൂര്യൻ മരിച്ചു'.
ഞാൻ ആകാശത്തേക്കു നോക്കി.
'ഇവിടെ നോക്കൂ '-
അവൻ പിന്നിലേക്കു ചൂണ്ടി:

കുതിർന്ന മണ്ണിൽ
ചേതനയറ്റ്‌
ഒരു പോമറേനിയൻ നായ.