P.VIJAYAKUMAR

Wednesday, September 5, 2012

ശിശിരം


അടഞ്ഞ ജനൽപ്പാളിയുടെ
ഈർക്കിൽ വിടവിലൂടെ
അരിച്ചെത്തുന്ന ഒരു മുഴം കാറ്റിനെ
ഞാൻ ശപിച്ചു.
അതെന്റെ മുഖത്തു തുളഞ്ഞു കയറുന്നു,
അമ്പു പോലെ.
പാദങ്ങൾ നിലത്തു തൊടാതെ
പെരുവിരലൂന്നി ഞാൻ കട്ടിലിലെത്തി.
പുതപ്പിനിള്ളിൽ നുഴഞ്ഞു കയറി.

ഫ്ലാറ്റിനു താഴെ
സർദാറിന്റെ കാർ സ്റ്റാർട്ടാകുന്നേയില്ല,
എത്ര ശ്രമിച്ചിട്ടും.
എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട്‌
ഞാൻ പിടഞ്ഞെണീറ്റ്‌ താഴേക്കു നോക്കി.
സർദാർ കാറിനെ തൊഴിക്കുകയാണ്‌.

അയാൾ വീട്ടിലേക്കു നടക്കുമ്പോൾ
മുടന്തുന്നുണ്ടായിരുന്നു,
ഓർമ്മ പോലെ.

ഭൂമി അനക്കമറ്റു കിടക്കുന്നു.
മരവിച്ച്‌,
ഒന്നുമുരിയാടാനാകാതെ.
നാളെ സൂര്യനെ കാണാനാവുമോ?
നാളെ, അല്ലെങ്കിൽ,
ഏറിയാൽ മറ്റന്നാൾ.
അതിനപ്പുറം പോവുമോ?
എത്താതിരിക്കുന്നതെങ്ങനെ?

മോഹം ഒരു മാലാഖയാണ്‌.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ.
ഞാൻ അതിന്റെ കൂട്ടു പിടിച്ച്‌
വീണ്ടും കിടന്നു.
കണ്ണുകളടച്ച്‌ ഓർമ്മയിൽപ്പരതി.
മധ്യവേനലിലെ സൂര്യന്റെ രൂപം
എങ്ങനെയിരിക്കും?
മനസ്സിലേക്കു ചൂടിന്റെ സ്വപ്നം സംക്രമിച്ചു.
പിറ്റേന്നുമെന്നെ ഉണർത്തിയത്‌,
പക്ഷെ,
കറുത്ത വെട്ടം.

മുറ്റത്തിറങ്ങിയപ്പോൾ,
പാൽക്കാരൻ യാദ്‌വീർ പറഞ്ഞു:
'സൂര്യൻ മരിച്ചു'.
ഞാൻ ആകാശത്തേക്കു നോക്കി.
'ഇവിടെ നോക്കൂ '-
അവൻ പിന്നിലേക്കു ചൂണ്ടി:

കുതിർന്ന മണ്ണിൽ
ചേതനയറ്റ്‌
ഒരു പോമറേനിയൻ നായ.

28 comments:


  1. മാഷേ,മോഹമാലാഖ അസ്സലായി.കാലമിനിയുമുരുളുമെന്നുമുണ്ടല്ലോ.അതുകൊണ്ട് ഭയക്കാനില്ല.പ്രതീക്ഷയാകാം.ആശംസകള്

    ReplyDelete
  2. നല്ല കുളിരുള്ള കവിത.

    ReplyDelete
  3. മനസ്സ് വിറക്കുന്ന മഞ്ഞിലും
    കത്തുന്ന സൂര്യനേ കൂട്ടീ ഒന്നു കിടന്നു നോക്കീ ..
    സ്പനങ്ങളിലെവിടെയോ തടഞ്ഞു വീണ്‍ എണീറ്റപ്പൊള്‍
    കുത്തുന്ന ജീവിതം മഞ്ഞു മൂടി മുന്നില്‍ ..
    നേരുകളുടെ സൂര്യന്‍ മരിച്ചു പൊയിരിക്കുന്നു ....
    " ഇന്നിലും , നേരിലും തട്ടുന്ന വരികള്‍ .. മാഷേ ഇഷ്ടായ്

    ReplyDelete
  4. ശിശിരത്തിലെ ഈ കുളിരിനും കറുത്ത ദുരിതത്തെ വെളുത്ത ചിറകിനാല്‍ മറയ്ക്കുന്ന മോഹമാലാഖയ്ക്കും ഒരു സുഖമില്ലേ, മാഷേ... നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം... പ്രതീക്ഷ തന്നെയല്ലേ ജീവിതം.... കവിത നന്നായി....

    ReplyDelete
  5. വിജയെട്ടാ, മുഖസ്തുതി പറയുകയാണ്‌ എന്ന് കരുതരുത് ... ഈ ബ്ലോഗില്‍ ഞാന്‍ ഇത് വരെ വന്നു വായിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളില്‍ നിന്നും കിട്ടുന്ന ഒരു വായനാ സുഖം അത് ചുരുക്കം ചില ബ്ലോഗുകളില്‍ നിന്ന് മാത്രെ കിട്ടിയിട്ടുള്ളൂ ... പ്രത്യേകിച്ച് കവിത. പലരും പ്രണയത്തിനും എകാന്തതക്കും വിരഹത്തിനും പിന്നാലെ ഓടിയോടി പറഞ്ഞു പഴകിയ കവിതകള്‍ വീണ്ടും വീണ്ടും എഴുതുന്ന സമയത്ത്, കവിതയില്‍ പുതിയ പുതിയ ആശയങ്ങളുമായി അവ്രുന്ന വിജയെട്ടനെ അഭിനന്ദിക്കാതെ വയ്യ.

    മറ്റൊരു കാര്യം, കവിതയുടെ ഭാഷയാണ്. എത്ര ലളിതമായാണ് ആശയം പറഞ്ഞു പോയിരിക്കുന്നത്. ഒരിടത്തും ഒരു കുറവോ കൂടുതലോ എനിക്കനുഭാവപ്പെടുന്നില്ല. ഇതിനെ ഒരു കവിത എന്ന ലേബലില്‍ മാത്രം കാണരുത്. ഒരു ആസ്വാദകന് ഇത് ചിലപ്പോള്‍ ഒരു കഥയാകാം , ഗദ്യമാകാം, പദ്യമാകാം, അങ്ങിനെ എന്തുമാകാം..പക്ഷെ വായിക്കുന്ന എല്ലാ ആളുകള്‍ക്കും കിട്ടുന്ന ആശയം ഒന്ന് തന്നെ. ഇതാണ് പ്രത്യേകത. ഇതാണ് ഒരു എഴുത്തുകാരന്റെ വിജയവും. എഴുതുന്നത് എന്തുമാകട്ടെ വായനക്കാരന്റെ മനസ്സില്‍ എഴുത്തുകാരന്റെ മനസ്സ് മുളച്ചു പോങ്ങേണം.

    ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ...ആശംസകള്‍..

    ReplyDelete
  6. എന്തെക്കെ സംഭവിക്കുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കില്ല, ചിലപ്പോള്‍ മങ്ങല്‍ അനുഭവപ്പെടുമെന്കിലും.
    ലളിതമായ വരികള്‍

    ReplyDelete
  7. മഞ്ഞുതുള്ളികള്‍ പോലെ വളരെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍

    ReplyDelete
  8. വിജയെട്ടാ ...ഇഷ്ടായി ...ഈ വരികള്‍ തറഞ്ഞു ."അയാൾ വീട്ടിലേക്കു നടക്കുമ്പോൾ മുടന്തുന്നുണ്ടായിരുന്നു, ഓർമ്മ പോലെ."

    ReplyDelete
  9. മനോഹരം ......, ചില വരികള്‍ മനസ്സില്‍ തട്ടുന്നു ........

    ReplyDelete
  10. പൊളിച്ച വായയിലൂടെ
    പായുന്ന പുകച്ചുരുളുകൾ
    പുകയുന്നുവോ എന്നുള്ളവും ...

    ReplyDelete
  11. "മോഹം ഒരു മാലാഖയാണ്‌.
    കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
    മറയ്ക്കുന്ന മാലാഖ...." ഏറെ ഇഷ്ടായി ഈ വരികള്‍, കവിതയും.

    ReplyDelete
  12. വേനലില്‍ കുളിരായും തണുപ്പില്‍ സൂര്യനായും അവന്‍ എന്നെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.

    ReplyDelete
  13. വ്യത്യസ്തതയും താത്പര്യം ജനിപ്പിക്കുന്ന വരികളും കൊണ്ട് മനോഹരമായി ...

    ReplyDelete
  14. പ്രവീണ്‍ ശേഖരിന്റെ
    facebook notification കണ്ടു ഇവിടെയെത്തി
    തികച്ചും വ്യത്യസ്തമായ ഒരു രചനാ ശൈലി
    ഇവിടെ കാണാന്‍ കഴിഞ്ഞു. മനോഹരമായിരിക്കുന്നു
    എന്ന് ഒറ്റ വാക്കില്‍ പറയട്ടെ. എഴുതുക അറിയിക്കുക
    ബ്ലോഗില്‍ ചേരുന്നു
    വീണ്ടും കാണാം

    ReplyDelete
  15. വ്യത്യസ്തമായൊരു കവിത...
    ഏറെയിഷ്ടമായി... ഈ കവിതയും...

    നാളെ സൂര്യനെ കാണാനാവുമോ..?

    ReplyDelete
  16. പ്രത്യാശകളുടെതാണ് ജീവിതം. ആശകളിലും സ്വപനങ്ങളിലും ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം.

    സുന്ദരമായ വരികളില്‍ ഒരു പാട് കാര്യങ്ങള്‍ പങ്കിടുന്ന ഈ കവിത കവിയുടെ രചനാവൈഭവം കൊണ്ട് മികവുറ്റതായിരിക്കുന്നു.

    ആശംസകള്‍

    ReplyDelete
  17. മോഹം ഒരു മാലാഖയാണ്‌.
    കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
    മറയ്ക്കുന്ന മാലാഖ.
    എത്ര നല്ല വരികള്‍ !
    പ്രതീക്ഷകള്‍ തന്നെയല്ലേ നമ്മെ മുന്നോട്ടു നയിക്കുന്നു
    വന്നു ചേരുന്ന ദുരന്തങ്ങളെ ഉള്‍കൊള്ളാനും നമുക്ക് കഴിയുന്നത് പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് കൊണ്ട് തന്നെ
    ആശംസകള്‍

    ReplyDelete
  18. ലളിതം സുന്ദരം ..

    ReplyDelete
  19. shariyanu, lalithamaya varikalil nannayi parayan kazhyunnath oru kazhivu thanneyanu. Thonnalukalile varikal ipazhum manasil ninum poyittilla.
    Orma pole;vayichapol oru njhettal vannu.
    Ezhuthanaminiyum

    ReplyDelete
  20. ഇഷ്ടമായി കവിതാ
    സൂര്യന്‍ ഇനി എത്രനാള്‍

    ആശംസകള്‍
    http://admadalangal.blogspot.com

    ReplyDelete
  21. പറയാതെ വയ്യ ......മനോഹരം

    ReplyDelete
  22. മോഹം ഒരു മാലാഖയാണ്‌.
    കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
    മറയ്ക്കുന്ന മാലാഖ.

    ReplyDelete
  23. ലളിതം മനോഹരം

    ReplyDelete
  24. “..കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
    മറയ്ക്കുന്ന മാലാഖ...” ഭേഷ്..ഭേഷ്!!

    എഴുത്ത് ഇഷ്ട്ടായി.
    ആശംസകളോടെ..പുലരി

    ReplyDelete
  25. ലളിതമായി എഴുതിയ വരികള്‍ ഏറെ ഇഷ്ടമായി !!

    ReplyDelete
  26. കവിത വായിച്ചു, ഇതില്‍ കാവ്യത്മകതയേക്കാള്‍ കണാന്‍ കഴിഞ്ഞത്‌ ഗദ്യമാണ്‌ എന്ന് എന്‌റെ ചെറിയ വായനയില്‍ തോന്നുന്നു.... ശിshiര കാലത്തെ നനുത്ത ഓര്‍മ്മകള്‍ക്ക്‌ , ഈ വ്യത്യസ്ഥ ശ്രമത്തിന്‌ ആശംസകള്‍

    ReplyDelete
  27. ഇതുവഴി വന്നവർക്കെല്ലാം നമോവാകം
    കുളിരും, കിനാക്കളും,നേരുന്നു, നന്മയും.

    ReplyDelete