P.VIJAYAKUMAR

Saturday, July 19, 2014

പെയ്യാത്ത മഴ


ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നെന്തിനോ ഞാനോർത്തു നിൽക്കെ,
രാവിൻ ചിലമ്പിച്ച കാലൊച്ച കേൾക്കെയെൻ
ഓർമ്മകളായിരമുദിക്കെ,
ഇലകൾ തന്നാർത്തനിഴൽനാദത്തിൽ മഞ്ഞിന്റെ
ഹൃദയമലിഞ്ഞു മിടിക്കെ,
കബനി നീയെന്റെയീ സിരകളിലെയഗ്നിയായ്‌
ഉറയുന്നു, നുരയുന്നു ശോകം.
ഒരു പൂവു വിടരില്ല, ഒരു കാറ്റു മിണ്ടില്ല,
അരികിലൊരു പക്ഷിയെത്തില്ല.
പടി പാതി ചാരി വന്നില്ല മേഘത്തിന്റെ
നിഴലായ ശോണനക്ഷത്രം.
അന്നു നീ വാക്കിന്റെ കരൾ ചീന്തി നിലയറ്റു
തന്നതാമിരുളാണു ചുറ്റും.
വഴിയിലൊരു വിലയില്ലാപ്രാണന്റെ മിഴിയിലെ
ഒഴിയാക്കനലാണു കാലം.

ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നൊരു മാത്ര ഞാൻ നീറി നിൽക്കെ,
അകലെ വന്നെത്തുന്നു കരി വീണ കണ്ണുമായ്‌
സമയവേഗത്തിന്റെ മേഘം.
അതിലെന്നെയാരോ കയറ്റി വിട്ടൊഴിയുന്നു
കരകാണാക്കനവാണു ജന്മം.
എങ്ങുമില്ലൊരു തുള്ളി ദാഹനീ,രെന്നാലു-
മെങ്ങുമുണ്ടലക്കടൽത്താപം.
ചിറകില്ലാതൊരു കോണിൽ
കാൽ തടഞ്ഞാളുന്നു
വഴിയറിയാത്ത നക്ഷത്രം.

ഇന്നലെപ്പെയ്ത മഴ, യില്ല, പെയ്യില്ല
ഇങ്ങൊരു നാളുമെന്നാലും,
വരും, - ഓരോ നാളിലും - കനൽമലർമൊട്ടിന്റെ
നിറമിഴി കൈവിടാദാഹം.
ഒരു കാറ്റിണയാതെ കാക്കും കിനാവിന്റെ
സുകൃതസ്മൃതിഗീതനാളം.
അതിലെന്റെ ദൂരങ്ങൾ, പകലന്തി, യാകാശം,
അതിരെഴാത്തിരുളിലെ സൂര്യൻ!