P.VIJAYAKUMAR

Sunday, July 22, 2018



നേരിന്റെ വെളിച്ചം


നേരിന്റെ വെളിച്ചം തേടി നടന്നു;
നിഴലുകളുടെയക്ഷയപാത്രം കിട്ടി.

വഴിയമ്പലം തിരഞ്ഞു;
വിഷരൂപികളുടെ സത്രത്തിലെത്തിച്ചേർന്നു.

പിരിയാത്തസമ്പത്തു തേടി;
ചോർച്ചയുള്ള പകലുകൾ കിട്ടി.

കനൽക്കോട്ടയുടെ ഉയരങ്ങൾ തകർത്തു;
പ്രളയാന്ധതയുടെ പ്രവാഹത്തിലൊലിച്ചു പോയി.

പിന്നെ,
ധ്യാനത്തിന്റെ സൂര്യദ്വീപുകൾ തേടി യാത്രയായി;
ചാനലുകളുടെ കടൽക്കലമ്പലിൽ
ഒരു കട്ടമരത്തിലകപ്പെട്ടു.

അടിയറ്റ്‌,
വാക്കുകളുടെയതിരുകളിൽ അഭയം തേടി.
പ്രാണനപഹരിച്ച്‌ കവിതയെന്നെ
ചിത്രഗുപ്തന്‌ കൈമാറി.