P.VIJAYAKUMAR

Sunday, March 24, 2013

മഴ


ഇന്നും മഴ പെയ്തില്ല.
ഇവിടെയിക്കൊച്ചു തളിരിൽ വിണ്ണിന്റെ
മദകരസ്പർശം ചിലമ്പി വീണില്ല.
മണലിൽ ജീവന്റെ തുടിയുണർന്നില്ല.

ചുവന്ന കണ്ണുകൾ പുകഞ്ഞു കണ്ണീരി-
ന്നുറവയെങ്ങെന്നു തിരഞ്ഞു മേഘങ്ങൾ
ഇടറി മായുന്നു.

ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
കാണാത്ത കനികൾ തേടുവോർ മറഞ്ഞു,
വീഥികളയവിറക്കുന്നു.
വരണ്ട പാടം പാർത്തിരുണ്ട കൂരയി-
ലണഞ്ഞ സാധുവോ
മിഴിയിലെത്താരം തുടച്ചു നിൽക്കുന്നു.

എവിടെ നിന്നു നാം കിനാവിൻ തന്ത്രികൾ
തകർന്ന കാട്ടിലപ്പതിരു പോൽ വീണു
കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
പേമഴ തിരയും നാൾകളിലറിഞ്ഞു നാം
മഞ്ഞിൻ കടുപ്പം, ചുണ്ടിൽ വ-
ന്നുറഞ്ഞൊരുപ്പിന്റെ ചവർപ്പ്‌,
താണ്ടിയോരനന്തദൂരത്തിന്നെരിവ്‌,
പാതിരാച്ചിതയിലങ്ങെങ്ങോ
കരിഞ്ഞ സ്നേഹത്തിൻ തരികൾ,
വേനലിൻ പുകയിൽ മങ്ങിയ
സുകൃതബോധവും,
വിയർപ്പും രക്തവുമടിഞ്ഞ പാതയും....

പരക്കെ വാനിടമിരുണ്ടു രാത്രി ത-
ന്നലക്കാറ്റു ചുറ്റും തെറിച്ചു നീങ്ങുമ്പോൾ,
വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?

ഇനിയുമെന്തിന്നു വിളിക്കുന്നെന്നെ നീ?

കടുത്ത ദാഹത്തിൻ തിളയ്ക്കും ജ്വാലകൾ
വരണ്ട മണ്ണിന്റെ ജരാനരകളും...

എവിടെയോ ദൂരെച്ചിലമ്പുകൾ കെട്ടി-
യുണർന്നു കൊള്ളിയാൻ പലവുരു മിന്നി,
തണുത്ത വെൺചിറകലച്ചു, പച്ചില-
ക്കുരുന്നുകൾ ഞെട്ടി വിറയ്ക്കവേ, മഴ-
യുദിച്ചെന്നോ? യാത്രയ്ക്കൊരുങ്ങെന്നോ? നോക്കൂ,
തിരയുവാൻ മാത്രം ജനിച്ചെന്നോ നമ്മൾ?
ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ?