P.VIJAYAKUMAR

Sunday, March 24, 2013

മഴ


ഇന്നും മഴ പെയ്തില്ല.
ഇവിടെയിക്കൊച്ചു തളിരിൽ വിണ്ണിന്റെ
മദകരസ്പർശം ചിലമ്പി വീണില്ല.
മണലിൽ ജീവന്റെ തുടിയുണർന്നില്ല.

ചുവന്ന കണ്ണുകൾ പുകഞ്ഞു കണ്ണീരി-
ന്നുറവയെങ്ങെന്നു തിരഞ്ഞു മേഘങ്ങൾ
ഇടറി മായുന്നു.

ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
കാണാത്ത കനികൾ തേടുവോർ മറഞ്ഞു,
വീഥികളയവിറക്കുന്നു.
വരണ്ട പാടം പാർത്തിരുണ്ട കൂരയി-
ലണഞ്ഞ സാധുവോ
മിഴിയിലെത്താരം തുടച്ചു നിൽക്കുന്നു.

എവിടെ നിന്നു നാം കിനാവിൻ തന്ത്രികൾ
തകർന്ന കാട്ടിലപ്പതിരു പോൽ വീണു
കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
പേമഴ തിരയും നാൾകളിലറിഞ്ഞു നാം
മഞ്ഞിൻ കടുപ്പം, ചുണ്ടിൽ വ-
ന്നുറഞ്ഞൊരുപ്പിന്റെ ചവർപ്പ്‌,
താണ്ടിയോരനന്തദൂരത്തിന്നെരിവ്‌,
പാതിരാച്ചിതയിലങ്ങെങ്ങോ
കരിഞ്ഞ സ്നേഹത്തിൻ തരികൾ,
വേനലിൻ പുകയിൽ മങ്ങിയ
സുകൃതബോധവും,
വിയർപ്പും രക്തവുമടിഞ്ഞ പാതയും....

പരക്കെ വാനിടമിരുണ്ടു രാത്രി ത-
ന്നലക്കാറ്റു ചുറ്റും തെറിച്ചു നീങ്ങുമ്പോൾ,
വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?

ഇനിയുമെന്തിന്നു വിളിക്കുന്നെന്നെ നീ?

കടുത്ത ദാഹത്തിൻ തിളയ്ക്കും ജ്വാലകൾ
വരണ്ട മണ്ണിന്റെ ജരാനരകളും...

എവിടെയോ ദൂരെച്ചിലമ്പുകൾ കെട്ടി-
യുണർന്നു കൊള്ളിയാൻ പലവുരു മിന്നി,
തണുത്ത വെൺചിറകലച്ചു, പച്ചില-
ക്കുരുന്നുകൾ ഞെട്ടി വിറയ്ക്കവേ, മഴ-
യുദിച്ചെന്നോ? യാത്രയ്ക്കൊരുങ്ങെന്നോ? നോക്കൂ,
തിരയുവാൻ മാത്രം ജനിച്ചെന്നോ നമ്മൾ?
ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ?

24 comments:

 1. ഏറെ നാളുകള്‍ക്കൊടുവില്‍ വീണ്ടും മനസ്സില്‍ സൂക്ഷിക്കാന്‍ നല്ലൊരു കവിതയുമായി വിജയേട്ടന്‍ എത്തിയല്ലോ...

  "പരക്കെ വാനിടമിരുണ്ടു രാത്രി ത-
  ന്നലക്കാറ്റു ചുറ്റും തെറിച്ചു നീങ്ങുമ്പോൾ,
  വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
  യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?"
  ഏറെ ഇഷ്ടമായ വരികള്‍..

  ReplyDelete
 2. കുറെ നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ.... ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
  കാണാത്ത കനികൾ തേടുവോർ മറഞ്ഞു വീഥികളയവിറക്കുന്നു ! :)

  ReplyDelete
 3. പെയ്യട്ടെ മഴ നമ്മുടെ മണ്ണിലും മനസ്സിലും ....

  ReplyDelete
 4. മനോഹരം,മഴപോലെ..ശക്തം മേഘശബ്ദം പോലെ.

  ReplyDelete
 5. ഇന്നും മഴ പെയ്തില്ല.
  ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ.......?

  ReplyDelete
 6. എവിടെ നിന്നു നാം കിനാവിൻ തന്ത്രികൾ
  തകർന്ന കാട്ടിലപ്പതിരു പോൽ വീണു
  കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
  പേമഴ തിരയും നാൾകളിലറിഞ്ഞു നാം
  മഞ്ഞിൻ കടുപ്പം, ചുണ്ടിൽ വ-
  ന്നുറഞ്ഞൊരുപ്പിന്റെ ചവർപ്പ്‌,
  താണ്ടിയോരനന്തദൂരത്തിന്നെരിവ്‌,
  പാതിരാച്ചിതയിലങ്ങെങ്ങോ
  കരിഞ്ഞ സ്നേഹത്തിൻ തരികൾ,

  നല്ല വരികൾ

  ശുഭാശംസകൾ...

  ReplyDelete
 7. മനോഹരകവിത

  ഏറെനാള്‍ കണ്ടില്ലല്ലോ

  ReplyDelete
 8. വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
  യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?
  ..............................................ഓരോ വരികളും ഹൃദയത്തെ തൊട്ടുനർത്തുന്നു

  ReplyDelete
 9. ഈ അക്ഷരമഴ നന്നായല്ലോ ആശംസകള്‍

  ReplyDelete
 10. നന്നായിരിക്കുന്നു മഴ്ക്കവിത.!

  ReplyDelete
 11. കവിതാംശം ഉള്ളൊരു കവിത
  മനോഹരം
  ആശംസകൾ

  ReplyDelete
 12. മഴയുടെ ഗദ്ഗദം...  ReplyDelete
 13. നല്ല കവിത..
  നിശബ്ദം പെയ്തു തീർന്ന ഒരു കൊച്ചുമഴപോലെ!

  ReplyDelete
 14. വന്ദനം.
  പ്രിയപ്പെട്ടവരേ, ഓരോരുത്തർക്കും നന്ദി - ഇവിടെയെത്തിയതിനും, തോന്നലുകൾ കുറിച്ചതിനും.
  ശരിയാണ്, ഏറെ നാൾ വിട്ടു നിൽക്കേണ്ടി വന്നു. തിരക്കുകളുടെ ചങ്ങല ആത്മാവിനെ തളച്ചിടുകയാൽ.

  കഥയില്ലാക്കഥകളിൽ നമ്മൾ മുഴുകിപ്പോകുന്നു;
  കതിരില്ലാക്കറ്റയിതെന്നൊരു നോവു കനക്കുന്നു....

  ReplyDelete
 15. പ്രിയപ്പെട്ട വിജയകുമാർ,
  ഹൃദ്യം,ഈ വരികൾ !

  ഈ കവിതയിൽ വിഷാദം തുളുമ്പുന്നു .

  ആശംസകൾ !

  സസ്നേഹം,

  അനു

  ReplyDelete
 16. നോക്കൂ,
  തിരയുവാൻ മാത്രം ജനിച്ചെന്നോ നമ്മൾ?
  ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ?

  സത്യത്തിൽ നല്ലൊരു കവിത വായിക്കണം എന്ന് തോന്നിയതോണ്ട് ഇവിടെ വന്നു നോക്കിയതാണ് . നിരാശപ്പെടുത്തിയില്ല . സത്യം,,മനോഹരമായിട്ടുണ്ട് .

  ReplyDelete
 17. നല്ല കവിത
  ആശംസകൾ

  ReplyDelete
 18. എന്തേ ഈ മഴ ഇത്രനാള്‍ പെയ്യാതിരുന്നത് ? ഇനിയും കഥയില്ലാ കഥകളില്‍ മുങ്ങിപ്പോകാതിരിയ്ക്കുക. മനോഹരമായ കവിതകളുടെ പുണ്യം പിറക്കട്ടെ......

  ReplyDelete
 19. മനോഹരമായ ഈ മഴയില്‍ നനഞ്ഞു കുതിര്‍ന്നലിഞ്ഞ് ഇല്ലാതായത് പോലെ , എല്ലാ ആശംസകളും !

  ReplyDelete
 20. നല്ല കവിത - വായിക്കാന്‍ വൈകി......

  ReplyDelete
 21. നല്ല വരികള്‍...

  ആശംസകള്‍!

  ReplyDelete
 22. വളരെ നല്ല കവിത.
  വളരെ നല്ല വരികൾ.

  ReplyDelete
 23. ഹൃദ്യമായ രചനകൾ.Talented Bankers എന്ന ഫെയ്സ്ബുക്ക് ഫോറത്തിലൂടെ കവിയായ ബാങ്കറെ പരിചയപ്പെടുവാനിന്നു കഴിഞ്ഞതിലും അതിയായ സന്തോഷം.

  ReplyDelete