P.VIJAYAKUMAR

Sunday, November 19, 2017

സമയമാണു കാരണം

സമയം
കറുത്ത ബഞ്ചിനു മുകളിലേറ്റി
മണിക്കൂറുകൾ നിർത്തിച്ചു.
ഒരു കണക്കു പുസ്തകത്തിനു മുന്നിൽ
മുട്ടുകുത്തിച്ചു.
കാണാത്ത വഴികളിലൂടെ
വിറ കൊണ്ട പ്രജ്ഞയെ
ആട്ടിപ്പായിച്ചു.

സമയം
ഞാനോർക്കുന്ന വഴികളെ
മറവിപ്പൊന്തയിലേക്കു തള്ളി
ഏതോ കരിമ്പാതയിലൂടെ
ചക്രങ്ങൾ പായിച്ചു.

ഞാനെപ്പോഴൊക്കെ എന്തു ചെയ്യണം,
എന്തു തിരയണം,
തിരയാതിരിക്കണം,
സമയം എല്ലാം നിശ്ചയിച്ചു പോന്നു.

ദൂരങ്ങളില്ലാത്ത ദൂരങ്ങളിലൂടെ
അവനെന്നെ നടത്തിച്ചു.
ഞാനല്ലാത്തൊരെന്നെ
ഞാനാക്കിയവതരിപ്പിച്ചു.

പൊരിഞ്ഞു തളരുമ്പോൾ,
ചിലപ്പോഴൊക്കെ
ദയ കാണിച്ചു.
അപൂർവ്വം
കാറ്റിൽ സൂര്യഗീതമായൊഴുകി വരും.
അഞ്ചലിശയായി പൊരുൾരശ്മി ചൊരിയും.
നിമിഷം കൊണ്ടു വീണ്ടും മാറും.

എന്നാളും,
കറുത്ത വാക്കുകളാൽ
കരി വാരിത്തേച്ചു കാണിച്ചു.
കരിഞ്ഞ പൂക്കൾ തന്ന്
പരിഹസിച്ചയച്ചു.
ഉയരങ്ങൾ തെളിച്ചു കാണിച്ച്‌
തറയിൽ തളച്ചു നിർത്തി.
പിരിയാത്ത പാഴ്സൗഹൃദങ്ങൾ കൊണ്ട്‌ വരിഞ്ഞു കെട്ടി.
കണ്ണടയെടുത്തു മാറ്റി
തിമിരബാധിതനാക്കി.
നിൽക്കാത്ത തിരകളുടെയോരത്തെത്തിച്ച്‌
കരയെ മറക്കാൻ പ്രേരിപ്പിച്ചു.
കടുത്ത കാറ്റു കൊണ്ട്‌
കടവെത്താത്തോണിയാക്കി.
കാണാൻ പിടഞ്ഞവയൊക്കെ
കാണാപ്പുറങ്ങളിലാക്കി.
തേടാത്ത തീരങ്ങളിൽ ഞാൻ
അനാഥനിഴലായി.

മലമുകളിൽ നിന്ന്
താഴേക്കുന്തി.
താഴ്‌വാരങ്ങളിൽ നിന്ന്
മുടികളിലേക്കുയർത്തി.

ഒരു നാളവന്റെ പിടി വിട്ട്‌
ഊടുവഴികളിലൂടെ ഞാനോടി.
വല്ലാത്ത വേഗത്തിൽ,
തിരിഞ്ഞു നോക്കാതെ,
വിയർത്ത്‌, ഭയന്ന്,
എങ്കിലും നിൽക്കാതെ, ഇളവില്ലാതെ...

ഇന്നെന്നോടൊപ്പം
സമയമില്ല.
എനിക്കൊന്നിനും സമയവുമില്ല.
ഇന്നെന്നോടൊപ്പം ആരുമില്ല.
എന്നോടൊപ്പം ഞാനുമില്ല.
ക്ഷമയർഹിക്കാത്ത അപരാധി.
എല്ലാത്തിനും സമയമാണു കാരണം.
സമയം.