P.VIJAYAKUMAR

Sunday, November 19, 2017

സമയമാണു കാരണം

സമയം
കറുത്ത ബഞ്ചിനു മുകളിലേറ്റി
മണിക്കൂറുകൾ നിർത്തിച്ചു.
ഒരു കണക്കു പുസ്തകത്തിനു മുന്നിൽ
മുട്ടുകുത്തിച്ചു.
കാണാത്ത വഴികളിലൂടെ
വിറ കൊണ്ട പ്രജ്ഞയെ
ആട്ടിപ്പായിച്ചു.

സമയം
ഞാനോർക്കുന്ന വഴികളെ
മറവിപ്പൊന്തയിലേക്കു തള്ളി
ഏതോ കരിമ്പാതയിലൂടെ
ചക്രങ്ങൾ പായിച്ചു.

ഞാനെപ്പോഴൊക്കെ എന്തു ചെയ്യണം,
എന്തു തിരയണം,
തിരയാതിരിക്കണം,
സമയം എല്ലാം നിശ്ചയിച്ചു പോന്നു.

ദൂരങ്ങളില്ലാത്ത ദൂരങ്ങളിലൂടെ
അവനെന്നെ നടത്തിച്ചു.
ഞാനല്ലാത്തൊരെന്നെ
ഞാനാക്കിയവതരിപ്പിച്ചു.

പൊരിഞ്ഞു തളരുമ്പോൾ,
ചിലപ്പോഴൊക്കെ
ദയ കാണിച്ചു.
അപൂർവ്വം
കാറ്റിൽ സൂര്യഗീതമായൊഴുകി വരും.
അഞ്ചലിശയായി പൊരുൾരശ്മി ചൊരിയും.
നിമിഷം കൊണ്ടു വീണ്ടും മാറും.

എന്നാളും,
കറുത്ത വാക്കുകളാൽ
കരി വാരിത്തേച്ചു കാണിച്ചു.
കരിഞ്ഞ പൂക്കൾ തന്ന്
പരിഹസിച്ചയച്ചു.
ഉയരങ്ങൾ തെളിച്ചു കാണിച്ച്‌
തറയിൽ തളച്ചു നിർത്തി.
പിരിയാത്ത പാഴ്സൗഹൃദങ്ങൾ കൊണ്ട്‌ വരിഞ്ഞു കെട്ടി.
കണ്ണടയെടുത്തു മാറ്റി
തിമിരബാധിതനാക്കി.
നിൽക്കാത്ത തിരകളുടെയോരത്തെത്തിച്ച്‌
കരയെ മറക്കാൻ പ്രേരിപ്പിച്ചു.
കടുത്ത കാറ്റു കൊണ്ട്‌
കടവെത്താത്തോണിയാക്കി.
കാണാൻ പിടഞ്ഞവയൊക്കെ
കാണാപ്പുറങ്ങളിലാക്കി.
തേടാത്ത തീരങ്ങളിൽ ഞാൻ
അനാഥനിഴലായി.

മലമുകളിൽ നിന്ന്
താഴേക്കുന്തി.
താഴ്‌വാരങ്ങളിൽ നിന്ന്
മുടികളിലേക്കുയർത്തി.

ഒരു നാളവന്റെ പിടി വിട്ട്‌
ഊടുവഴികളിലൂടെ ഞാനോടി.
വല്ലാത്ത വേഗത്തിൽ,
തിരിഞ്ഞു നോക്കാതെ,
വിയർത്ത്‌, ഭയന്ന്,
എങ്കിലും നിൽക്കാതെ, ഇളവില്ലാതെ...

ഇന്നെന്നോടൊപ്പം
സമയമില്ല.
എനിക്കൊന്നിനും സമയവുമില്ല.
ഇന്നെന്നോടൊപ്പം ആരുമില്ല.
എന്നോടൊപ്പം ഞാനുമില്ല.
ക്ഷമയർഹിക്കാത്ത അപരാധി.
എല്ലാത്തിനും സമയമാണു കാരണം.
സമയം.Monday, September 26, 2016


നിലാവ്‌

അലയും കാറ്റിനെ
സുഗന്ധമാക്കണം.
പടർവ്വള്ളിക്കകം
കരുത്തു പാകണം.
വെറും ചെടികളെ
മഹാവൃക്ഷങ്ങളാ-
യുണർത്തണം; ചാരെ-
യൊടുങ്ങാ ശോകത്തി-
ന്നിരവിലാഴുമീ
കരിങ്കൽപ്പാളിയെ
അഹല്യയാക്കണം.

മണൽത്തരികൾ തൻ
വിളക്കിൽ നക്ഷത്ര-
ത്തിരി കൊളുത്തണം.

ഇടവഴി മഹാ
                      പഥമായ്‌ മാറ്റണം.
കുരുന്നു പൂക്കൾ തൻ
പ്രഭാതമെത്തണം.

വെറും മനസ്സിനെ-
യനന്തമാക്കണം.
വെറും കരങ്ങളെ
ചിറകായ്‌ മാറ്റണം!

അകങ്ങളിൽ നിറ-
ഞ്ഞുണർന്നു കത്തണം,
തെളിക്കണം, പൊട്ടി-
ത്തകരുമെന്നെ നീ!-
എനിക്കു രാത്രി തൻ
കിനാമേഘങ്ങളേ!
എനിക്കെന്നക്ഷര
നിലാപ്രപഞ്ചമേ!


Sunday, April 19, 2015

നീ വിളിക്കുമ്പോൾ

മരണമേ,
നീയെന്നെ
വന്നു വിളിക്കുകിൽ,
പല വാതിൽ ചാരി-
പ്പിടഞ്ഞു
തകർന്നു ഞാൻ
മതിവരാതെങ്ങനെ-
യെന്നു പിന്മാറിയാൽ,
ഒരു നല്ല
ദിനമോതി
മഞ്ഞിൽ
നീ മറയണം.
ഒരു കോടി നിഴൽനേര-
ക്കടലുകൾ കടക്കണം.
അതിൽ നുരയും ദുരിതമുറ
പാർത്തു നീ
കനിയണം.

അറിയാതെ
രാത്രി
കൊഴിഞ്ഞു വിടരണം.
അലയാഴി പോലഴൽ
എന്നിൽച്ചിലമ്പണം.
അതിരില്ലാതെന്നുയിർച്ചിറകുകൾ
പറക്കണം.
കനവിൽ ഞാൻ
കണ്ടൊരലിവെന്നെ-
പ്പൊതിയണം.

മരണമേ,
എന്നെ
മറന്നു പറക്കണം.
ഇവിടെത്താച്ചില്ലകളിൽ
എന്നെ
മറക്കണം.

Saturday, July 19, 2014

പെയ്യാത്ത മഴ


ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നെന്തിനോ ഞാനോർത്തു നിൽക്കെ,
രാവിൻ ചിലമ്പിച്ച കാലൊച്ച കേൾക്കെയെൻ
ഓർമ്മകളായിരമുദിക്കെ,
ഇലകൾ തന്നാർത്തനിഴൽനാദത്തിൽ മഞ്ഞിന്റെ
ഹൃദയമലിഞ്ഞു മിടിക്കെ,
കബനി നീയെന്റെയീ സിരകളിലെയഗ്നിയായ്‌
ഉറയുന്നു, നുരയുന്നു ശോകം.
ഒരു പൂവു വിടരില്ല, ഒരു കാറ്റു മിണ്ടില്ല,
അരികിലൊരു പക്ഷിയെത്തില്ല.
പടി പാതി ചാരി വന്നില്ല മേഘത്തിന്റെ
നിഴലായ ശോണനക്ഷത്രം.
അന്നു നീ വാക്കിന്റെ കരൾ ചീന്തി നിലയറ്റു
തന്നതാമിരുളാണു ചുറ്റും.
വഴിയിലൊരു വിലയില്ലാപ്രാണന്റെ മിഴിയിലെ
ഒഴിയാക്കനലാണു കാലം.

ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നൊരു മാത്ര ഞാൻ നീറി നിൽക്കെ,
അകലെ വന്നെത്തുന്നു കരി വീണ കണ്ണുമായ്‌
സമയവേഗത്തിന്റെ മേഘം.
അതിലെന്നെയാരോ കയറ്റി വിട്ടൊഴിയുന്നു
കരകാണാക്കനവാണു ജന്മം.
എങ്ങുമില്ലൊരു തുള്ളി ദാഹനീ,രെന്നാലു-
മെങ്ങുമുണ്ടലക്കടൽത്താപം.
ചിറകില്ലാതൊരു കോണിൽ
കാൽ തടഞ്ഞാളുന്നു
വഴിയറിയാത്ത നക്ഷത്രം.

ഇന്നലെപ്പെയ്ത മഴ, യില്ല, പെയ്യില്ല
ഇങ്ങൊരു നാളുമെന്നാലും,
വരും, - ഓരോ നാളിലും - കനൽമലർമൊട്ടിന്റെ
നിറമിഴി കൈവിടാദാഹം.
ഒരു കാറ്റിണയാതെ കാക്കും കിനാവിന്റെ
സുകൃതസ്മൃതിഗീതനാളം.
അതിലെന്റെ ദൂരങ്ങൾ, പകലന്തി, യാകാശം,
അതിരെഴാത്തിരുളിലെ സൂര്യൻ!

Sunday, January 19, 2014

പ്രകാശമുറങ്ങുന്ന പകൽ


പകൽ,
വർണ്ണാംബരം  വകഞ്ഞു മാറ്റി
മണ്ണിനെപ്പുണരുന്നു.

വാതിൽപ്പടിയിൽ കിടന്നുറങ്ങുന്നവനെ
വിളിച്ചുണർത്തി ഞാൻ.
എനിക്കിങ്ങനെയൊക്കേ പറ്റൂ എന്ന്
അവൻ
ചെരിഞ്ഞെണീറ്റു.
അവന്റെ വിരൽത്തുമ്പുകളിൽ ഉറക്കം.
കാതിലും, കാലിലും ഉറക്കം.
കണ്ണീർ വറ്റിയ ചിന്തകളിൽ
എരിഞ്ഞു  നിൽക്കുന്നു ഉറക്കം...

തിരിഞ്ഞു നടക്കുമ്പോൾ അഞ്ചു രൂപ ചോദിക്കാനും അവൻ മറന്നില്ല.

വഴിയോരത്തെ മരങ്ങളിൽ ഉറക്കം പുകഞ്ഞു നിൽക്കുന്നു.
ഇലത്തുമ്പുകളിൽ ഇറ്റുനിൽക്കുന്ന ഉറക്കം.
വഴിയിലൂടെ ഇഴഞ്ഞു പോയ ചക്രങ്ങളിൽ ഉറക്കം.
താഴു തുറന്ന് അകത്തേക്കു കടക്കാൻ നോക്കുമ്പോൾ,
താക്കോലിലും കണ്ടു ഉറക്കത്തിന്റെ ഇരുട്ട്‌,.

ഈ നാടിന്‌ ഇങ്ങനെയൊക്കെയേ പറ്റൂ എന്ന്
അത്യുന്നതങ്ങളിലെങ്ങോ നിന്ന് പല്ലി ചിലച്ചു.

അകലുകയായിരുന്ന അവൻ തിരികെ വന്നു.
ഒരു അഞ്ചു രൂപ കൂടി വേണം.
എന്തെങ്കിലും കഴിച്ചിട്ട്‌...

ഞാനവന്റെ പേരന്വേഷിച്ചു.
പ്രകാശം –
അവൻ പറഞ്ഞു.


Sunday, September 22, 2013

സമയം


ജനനസാഗരത്തിരകൾ കീറി ഞാൻ
സമയപൂർവ്വവൻകരയിലെത്തണം.

മിഴികളിൽ നിഴൽ,
ഉയിരിൽച്ചങ്ങല.
പിടിതരാവാക്കിന്നഭൗമനർത്തനം.

സമയമില്ലെനിക്കിവിടെയൊന്നിനും.
സമയമാണു പോൽ സകലകാരണം!


Sunday, March 24, 2013

മഴ


ഇന്നും മഴ പെയ്തില്ല.
ഇവിടെയിക്കൊച്ചു തളിരിൽ വിണ്ണിന്റെ
മദകരസ്പർശം ചിലമ്പി വീണില്ല.
മണലിൽ ജീവന്റെ തുടിയുണർന്നില്ല.

ചുവന്ന കണ്ണുകൾ പുകഞ്ഞു കണ്ണീരി-
ന്നുറവയെങ്ങെന്നു തിരഞ്ഞു മേഘങ്ങൾ
ഇടറി മായുന്നു.

ഒടുവിലിറ്റിയ തരിവെളിച്ചവുമൊഴിഞ്ഞു,
കാണാത്ത കനികൾ തേടുവോർ മറഞ്ഞു,
വീഥികളയവിറക്കുന്നു.
വരണ്ട പാടം പാർത്തിരുണ്ട കൂരയി-
ലണഞ്ഞ സാധുവോ
മിഴിയിലെത്താരം തുടച്ചു നിൽക്കുന്നു.

എവിടെ നിന്നു നാം കിനാവിൻ തന്ത്രികൾ
തകർന്ന കാട്ടിലപ്പതിരു പോൽ വീണു
കുമിഞ്ഞൊരിത്തീരത്തണഞ്ഞു?
പേമഴ തിരയും നാൾകളിലറിഞ്ഞു നാം
മഞ്ഞിൻ കടുപ്പം, ചുണ്ടിൽ വ-
ന്നുറഞ്ഞൊരുപ്പിന്റെ ചവർപ്പ്‌,
താണ്ടിയോരനന്തദൂരത്തിന്നെരിവ്‌,
പാതിരാച്ചിതയിലങ്ങെങ്ങോ
കരിഞ്ഞ സ്നേഹത്തിൻ തരികൾ,
വേനലിൻ പുകയിൽ മങ്ങിയ
സുകൃതബോധവും,
വിയർപ്പും രക്തവുമടിഞ്ഞ പാതയും....

പരക്കെ വാനിടമിരുണ്ടു രാത്രി ത-
ന്നലക്കാറ്റു ചുറ്റും തെറിച്ചു നീങ്ങുമ്പോൾ,
വിളർത്ത മേഘത്തിൻ മുഖത്തു വൻപുക-
യടിഞ്ഞു കണ്ണീരിന്നുറഞ്ഞു വീഴുമോ?

ഇനിയുമെന്തിന്നു വിളിക്കുന്നെന്നെ നീ?

കടുത്ത ദാഹത്തിൻ തിളയ്ക്കും ജ്വാലകൾ
വരണ്ട മണ്ണിന്റെ ജരാനരകളും...

എവിടെയോ ദൂരെച്ചിലമ്പുകൾ കെട്ടി-
യുണർന്നു കൊള്ളിയാൻ പലവുരു മിന്നി,
തണുത്ത വെൺചിറകലച്ചു, പച്ചില-
ക്കുരുന്നുകൾ ഞെട്ടി വിറയ്ക്കവേ, മഴ-
യുദിച്ചെന്നോ? യാത്രയ്ക്കൊരുങ്ങെന്നോ? നോക്കൂ,
തിരയുവാൻ മാത്രം ജനിച്ചെന്നോ നമ്മൾ?
ഇനിയുമെന്തിനു വിളിക്കുന്നെന്നെ നീ?