P.VIJAYAKUMAR

Sunday, September 16, 2012

പാതിമഴ


പാതി വാടിയ പൂക്കൾ,
പാതി കൂമ്പിയ കൺകൾ,
പാതി മൂടിയ വാനം,
പാതിയായൊരീ നദി.

പാതിയോർമ്മയിൽച്ചിലർ
ഇഴയും നെടുമ്പാത.
പാതിനിദ്രയിൽച്ചിലർ
പുലമ്പുമവ്യക്തത.

പാതിയാണല്ലോ ഞാനു-
മെന്നോർത്തു പോകുമ്പോഴീ
പാതയിലങ്ങിങ്ങായി-
പ്പൊഴിയും ജലകണം-
പാതിയായ്ച്ചാറും മഴ.

പാതിയാകുവാനെന്തി-
തൊക്കെയുമെന്നോർക്കുമ്പോൾ,
പാതി കത്തുന്നൂ ചിന്ത

ഞാനൊരു പൂർണ്ണബിന്ദു
സ്വപ്നം കണ്ടിരിക്കുന്നൂ
പാതിയും പൊളിഞ്ഞൊരു
പാതിബോധത്തിൻ ബഞ്ചിൽ!

35 comments:

  1. പാതിയല്ലല്ലോ വരികള്‍ എനിക്ക് പൂര്‍ണ്ണമായും ഇഷ്ട്ടപെട്ടു...

    ReplyDelete
  2. പാതിമഴയുടെ നനവേറ്റ വരികൾക്കെന്തു ചാരുത...!

    ReplyDelete
  3. പ്രിയപ്പെട്ട വിജയകുമാര്‍,

    എന്തേ ഒരു നിരാശ?

    പൂര്‍ണമായും ആസ്വദിച്ച വരികള്‍ !ജീവിത സത്യങ്ങള്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. കാത്തി, വർഷിണി, കണ്ണൻ, അനുപമ, നന്ദി. വായിക്കാനും തോന്നലുകൾ കുറിക്കാനും സന്മനസ്സു കാണിച്ച എല്ലവർക്കും നന്ദി.

      അനുപമ, നിരാശയല്ല. മനുഷ്യന്റെ അപൂർണ്ണതയെയും, അപര്യാപ്തതയെയും കുറിച്ച്‌ ബോധപ്പെടുമ്പോൾ, ഉണരുന്ന ചിന്തയും അസ്വാസ്ഥ്യവും മാത്രം. സ്വപ്നത്തിലൂടെ അത്‌ അതിജീവിക്കാനുള്ള അവന്റെ വ്യഗ്രതയും..

      Delete
  4. ഒരു വാക്കില്‍ വിരിയും ചിന്തയും സുന്ദരമായി കോര്‍ത്ത വരികളും ഇഷ്ടമായി.

    ReplyDelete
  5. മനോഹരം .. ഈ വരികള്‍ ... ഇനിയും എഴുതുക
    ആശംസകള്‍

    ReplyDelete
  6. വായിച്ചാല്‍ മനസ്സിലാകുന്ന ഒരസ്സല്‍ കവിത ..

    വരികള്‍ മനോഹരം ..

    ReplyDelete
  7. എല്ലാം പാതിയാകുമ്പോഴും കവിതാഭംഗിയ്ക്ക് പൂര്‍ണ്ണതയുണ്ട്. വളരെ മനോഹരം. വീണ്ടും എഴുതുക.

    ReplyDelete
  8. സത്യം, ഞാൻ ഈയിടെ വായിച്ചതിൽ എനിക്കേറെയിഷ്ടപ്പെട്ട കവിത. ഈ “പാതികളെ” ക്കുറിച്ച് അനല്പമായി പലരും എഴുതിയിട്ടുണ്ട്. പക്ഷെ ഇതിൽ “പാതി” കവിതയ്ക്കൊരു വിഷയം തന്നെയായി. പാതിയുറക്കം, പാതി കൂമ്പിയ കണ്ണ് എന്നിവയൊക്കെ എഴുതപ്പെട്ടിട്ടുണ്ട്. ഇവിടെ “പാതി’യ് ക്കൊരു പൂർണ്ണത വന്നതുപോലെ. വിജയകുമാർ എന്റെ ബ്ലോഗിൽ വന്ന് ആ കമന്റിട്ടില്ലയിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോൾ ഇവിടെ വരാനോ ഈ കവിത വായിക്കുവാനോ ഇടവരില്ലായിരുന്നു. എങ്കിൽ ഈ കവിത എനിക്ക് മിസ് ആയേനെ. നല്ല കവിത. ആശംസകൾ!

    ReplyDelete
  9. നന്നായിരിക്കുന്നു വിജയെട്ടാ, എന്നത്തെയും പോലെ ഇതും മനോഹരം തന്നെ... വായിക്കാനിമ്പമുള്ളത്...
    ഏറെയിഷ്ടമായത് അവസാനത്തെ നാലുവരികള്‍..
    " ഞാനൊരു പൂർണ്ണബിന്ദു
    സ്വപ്നം കണ്ടിരിക്കുന്നൂ
    പാതിയും പൊളിഞ്ഞൊരു
    പാതിബോധത്തിൻ ബഞ്ചിൽ!"

    ReplyDelete
  10. പൂര്‍ണ്ണനാകാന്‍ കഴിയാതെ വരുമ്പോള്‍
    നന്നായിരിക്കുന്നു.

    ReplyDelete
  11. -പ്രിയ ജോസെലെറ്റ്‌, ശരിയാണ്‌. പാതിമഴ എന്ന വാക്കിലാണ്‌ ആദ്യന്തം കവിതയുടെ ജീവൻ. സ്നേഹാർദ്രമായ വാക്കുകൾക്ക്‌ നിറഞ്ഞ മനസ്സോടെ നന്ദി.
    -ഷലീർ,നന്ദി, നല്ല വാക്കുകൾക്ക്‌. ഇനിയും എഴുതാം.
    -വേണുഗോപാൽ, ഹൃദയപൂർവ്വം നന്ദി. ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. വിനയാദരങ്ങൾ.
    -വിനോദ്‌,സന്ദർശനത്തിന്‌, ഈ കനിവുള്ള വാക്കിന്‌ നന്ദി.
    -സജിം, വളരെ സന്തോഷമുണ്ട്‌,രേഖപ്പെടുത്തിയ അഭിപ്രായത്തിൽ.വിനയപൂർവ്വം നന്ദി.
    -നിത്യ, സ്നേഹപൂർവ്വം നന്ദി, സന്തോഷം.ഇനിയും വരിക.
    -അരുൺ,ആർജ്ജവത്തോടെ നന്ദി അറിയിക്കട്ടെ.

    ReplyDelete
  12. റാംജി, ആദരം, നന്ദി. പൂർണ്ണത ഒരു സ്വപ്നമാണ്‌.. അല്ലെങ്കിൽ സ്വപ്നത്തിലൂടെ സാക്ഷാത്കരിക്കാവുന്ന ഒന്നു മാത്രം. പാതിയാണു നാമെങ്കിൽ മറു പാതി എവിടെ? എന്ത്‌? ഇങ്ങനെയൊക്കെ പൂർണ്ണത തേടിയുള്ള വിചാരവും, അദ്ധ്വാനവും തുടർന്നു കൊണ്ടിരിക്കും....കുറിച്ച നല്ല വാക്കിന്‌ കടപ്പെട്ടിരിക്കുന്നു.

    ReplyDelete
  13. പാതികത്തിയ ചിതകൂടിയാകുമെന്ന് കരുതി.എങ്കില്‍ ധ്വനി ഇരട്ടിച്ചേനേ എന്നൊരു തോന്നല്‍
    കവിത നന്നായി.

    ReplyDelete
  14. പാതിയായി പാതിയായി പൂര്‍ണമായ കവിത ഇഷ്ടായി...

    ReplyDelete
  15. പാതിവായിച്ചു നിര്‍ത്തി, പിന്നെ വീണ്ടും വായിച്ചു.
    മറുപാതിയില്‍ തുടങ്ങി,മുഴുവന്‍ വായിച്ചു.
    പാതി,പാതി യെന്നു കണ്ടപ്പോള്‍
    വെറുതേ തോന്നിയ പാതി കൌതുകം..!

    എഴുത്ത് പാതിയല്ല, മുഴുവന്‍ ഇഷ്ട്ടായിരിക്ക്ണ്.!
    ഒത്തിരിയൊത്തിരി ആശംസകള്‍നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  16. തനിക്കുമപ്പുറം ചിലതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു ..
    നാം പൂര്‍ണമല്ലെന്ന് , നമ്മുടെ കാഴ്ചകള്‍ പൂര്‍ണമല്ലെന്ന് ..
    ഏതിലും , എന്തിലും ഒരു തലം ഒഴിഞ്ഞ് കിടപ്പുണ്ട് ..
    വ്യക്തമായി പറഞ്ഞാല്‍ ഒരൊ കണങ്ങളില്‍ നാം
    ആരെയോ കാത്തിരിപ്പുണ്ട് പാതിയാകുന്ന സ്ഥാനത്തിരിക്കാന്‍ ..
    പ്രണയാദ്രമായ നിമിഷങ്ങളിലൊ , കര്‍മ്മങ്ങളുടെ തീച്ചൂളയിലൊ
    ഒക്കെ ശൂന്യതയുടെ ചിലത് നമ്മേ നോക്കുന്നുണ്ട് ,
    സാധാരണ നാം ചിന്തിക്കാത്ത വഴികളിലൂടെ ,
    എന്നാല്‍ വളരെ ലളിതമായി ആശയത്തിലെക്കെത്തുന്ന രീതീ ..
    ഇഷ്ടമാകുന്നു മാഷേ ഈ വരികളും ..

    ReplyDelete
  17. നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  18. പാതി മാത്രമെന്നറിയുമ്പോൾ
    പാതി മാത്രം പറഞ്ഞും
    പാതി പറയാതറിഞ്ഞും
    പതിയാണെന്നറിയുമപ്പോൾ

    ReplyDelete
  19. -രമേഷ്‌ സുകുമാരൻ, മരണം കൊണ്ട്‌ ഒന്നും അവസാനിക്കുന്നില്ലെങ്കിൽ, ശരിയാണ്‌, ചിതയും പാതി തന്നെ. നിരീക്ഷണത്തിനും, അഭിപ്രായത്തിനും നന്ദി.
    -മുബി, വളരെയധികം നന്ദിയുണ്ട്‌, കനിവാർന്ന ഈ വാക്കുകൾ കുറിച്ചതിന്ന്‌.
    -പ്രഭൻ, രസകരമായ ഈ അഭിപ്രായത്തിന്‌ ഹൃദയപൂർവ്വം നന്ദി.
    -റിനി, പ്രിയ സുഹൃത്തേ, നമ്മൾ കാണുന്നതും, നമ്മൾ ജീവിക്കുന്നതും പൂർണ്ണമല്ലാത്ത വാഴ്‌വ്‌... സ്നേഹാർദ്രമായ വാക്കുകൾക്ക്‌ നന്ദി.
    നിധീഷ്‌, സന്ദർശനത്തിനും, ആശംസയ്ക്കും നന്ദി.
    കലാവല്ലഭൻ, പാതി കേട്ടും കണ്ടും, പാതി അറിയാതറിഞ്ഞും നമ്മൾ നടക്കും. അപ്പോഴും പാതി ബാക്കിയുണ്ടാവും. നന്ദി, നിറ മനസ്സോടെ.

    ReplyDelete
  20. പാതിയിലും കുറവാണ് എനിക്കെന്റെ സ്വപ്നങ്ങള്‍
    പാതിയെങ്കിലും നീ പകുത്തു തരൂ ..
    ചുമ്മാ.. വായിച്ചപ്പോള്‍ ഞാനും ഒരു കവിയായതാണ് !
    മുഴുവന്‍ ഇഷ്ടമായി ട്ടോ

    ReplyDelete
  21. ‘പാതിമഴ’ എന്ന് ബ്ലോഗിന്റെ പേരു വന്നതുകൊണ്ടാണൊ കവിതയും ‘പാതി’യിൽ തന്നെ തുടങ്ങിയത്...?
    നന്നായിരിക്കുന്നു കവിത...
    ആശംസകൾ...

    ReplyDelete
  22. ഇഷ്ടമായി ,എന്നാലും എനിക്ക് ഇതിനു മുമ്പുള്ള കവിതയാണ് കൂടുതല്‍ ഇഷ്ടമായത് !!

    ReplyDelete
  23. പാതിയാണെങ്കിലും വിരാമം പൂർണ്ണമാണെപ്പോഴും ...

    ReplyDelete
  24. നന്നായിരിക്കുന്നു കവിത..എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  25. പ്രിയ മാഷെ,
    കവിത നല്ല രസമുണ്ട്. ആശംസകള്‍. സ്വപ്നങ്ങളിലൂടെയും ചിന്തകളിലൂടെയും ഏവരും പൂര്‍ണതയില്‍ എത്തട്ടെ.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  26. ഇല്ല ഇത് പാതിയെ ഉള്ളൂ
    കവിത ഇനിയും ബാക്കിയാണ്
    ആശംസകള്‍

    ReplyDelete
  27. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി

    കുഞ്ഞു വരികള്‍ മനോഹരമായ വരികള്‍ - ഇഷ്ടപ്പെട്ടു

    ആശംസകള്‍

    എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന്‌ കരുതുന്നു... :)

    ReplyDelete
  28. നമ്മുടെ ജീവിതംതന്നെ പകുതിയല്ലേ നാം അറിയുന്നുള്ളൂ. പകുതി രാത്രി കൊണ്ടുപോവുന്നില്ലേ?

    ReplyDelete
  29. എന്തു പറ്റി പുതിയപോസ്റ്റ്‌ ഒന്നും കാനുനില്ലലോ ??

    ReplyDelete
  30. പാതി കവിത മുഴുവനും കൊള്ളം

    ReplyDelete