P.VIJAYAKUMAR

Saturday, July 19, 2014

പെയ്യാത്ത മഴ


ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നെന്തിനോ ഞാനോർത്തു നിൽക്കെ,
രാവിൻ ചിലമ്പിച്ച കാലൊച്ച കേൾക്കെയെൻ
ഓർമ്മകളായിരമുദിക്കെ,
ഇലകൾ തന്നാർത്തനിഴൽനാദത്തിൽ മഞ്ഞിന്റെ
ഹൃദയമലിഞ്ഞു മിടിക്കെ,
കബനി നീയെന്റെയീ സിരകളിലെയഗ്നിയായ്‌
ഉറയുന്നു, നുരയുന്നു ശോകം.
ഒരു പൂവു വിടരില്ല, ഒരു കാറ്റു മിണ്ടില്ല,
അരികിലൊരു പക്ഷിയെത്തില്ല.
പടി പാതി ചാരി വന്നില്ല മേഘത്തിന്റെ
നിഴലായ ശോണനക്ഷത്രം.
അന്നു നീ വാക്കിന്റെ കരൾ ചീന്തി നിലയറ്റു
തന്നതാമിരുളാണു ചുറ്റും.
വഴിയിലൊരു വിലയില്ലാപ്രാണന്റെ മിഴിയിലെ
ഒഴിയാക്കനലാണു കാലം.

ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
ന്നൊരു മാത്ര ഞാൻ നീറി നിൽക്കെ,
അകലെ വന്നെത്തുന്നു കരി വീണ കണ്ണുമായ്‌
സമയവേഗത്തിന്റെ മേഘം.
അതിലെന്നെയാരോ കയറ്റി വിട്ടൊഴിയുന്നു
കരകാണാക്കനവാണു ജന്മം.
എങ്ങുമില്ലൊരു തുള്ളി ദാഹനീ,രെന്നാലു-
മെങ്ങുമുണ്ടലക്കടൽത്താപം.
ചിറകില്ലാതൊരു കോണിൽ
കാൽ തടഞ്ഞാളുന്നു
വഴിയറിയാത്ത നക്ഷത്രം.

ഇന്നലെപ്പെയ്ത മഴ, യില്ല, പെയ്യില്ല
ഇങ്ങൊരു നാളുമെന്നാലും,
വരും, - ഓരോ നാളിലും - കനൽമലർമൊട്ടിന്റെ
നിറമിഴി കൈവിടാദാഹം.
ഒരു കാറ്റിണയാതെ കാക്കും കിനാവിന്റെ
സുകൃതസ്മൃതിഗീതനാളം.
അതിലെന്റെ ദൂരങ്ങൾ, പകലന്തി, യാകാശം,
അതിരെഴാത്തിരുളിലെ സൂര്യൻ!

18 comments:

  1. കാലം കടന്നു പോകുമ്പോള്‍.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  2. നല്ല വരികൾ ....
    നല്ല കവിത .....

    ReplyDelete
  3. പെയ്യാത്ത മഴ. പക്ഷേ, കവിത മഴയായി മനസ്സില്‍ പെയ്തിറങ്ങുന്നു. അതിമനോഹരം അതിലെ ഓരോ കണികകളും. ഒരുപാടിഷ്ടപ്പെട്ടു.......

    ReplyDelete
  4. പെയ്യാത്ത മഴയാണ് പ്രതീക്ഷാമഴ

    ReplyDelete
  5. കവിത വളരെ ഇഷ്ടായി...

    ReplyDelete
  6. ഇന്നലെപ്പെയ്ത മഴ, യില്ല, പെയ്യില്ല
    ഇങ്ങൊരു നാളുമെന്നാലും....

    ReplyDelete
  7. ഈണമുള്ള കവിത... പൊങ്ങച്ചങ്ങളൊന്നുമില്ലാത്ത ഈ കവിത ഇഷ്ടമായി...

    ReplyDelete
  8. മനോഹരം.
    ഇനിയുമെഴുതുക, ആശംസകള്‍

    ReplyDelete
  9. ഇഷ്ടായി..
    ഇനിയും പെയ്യട്ടെ...
    ചെറുമഴ പലമഴ പെരുമഴയാവട്ടെ....

    ReplyDelete
  10. വളരെ ഇഷ്ടമായി വരികൾ.
    നല്ല കവിത.
    ആശംസകൾ വിജയൻ സാർ.

    ReplyDelete
  11. ഇലകൾ തന്നാർത്തനിഴൽനാദത്തിൽ മഞ്ഞിന്റെ

    ഹൃദയമലിഞ്ഞു മിടിക്കെ,

    കബനി നീയെന്റെയീ സിരകളിലെയഗ്നിയായ്‌

    ഉറയുന്നു, നുരയുന്നു ശോകം.

    ഒരു പൂവു വിടരില്ല, ഒരു കാറ്റു മിണ്ടില്ല,

    അരികിലൊരു പക്ഷിയെത്തില്ല.. നല്ല ഭാവന. ആശംസകൾ.

    ReplyDelete
  12. കാണാന്‍ വൈകി :)

    ഇന്നലെപ്പെയ്ത മഴയിന്നു പെയ്യുമെ-
    ന്നൊരു മാത്ര ഞാൻ നീറി നിൽക്കെ,
    അകലെ വന്നെത്തുന്നു കരി വീണ കണ്ണുമായ്‌
    സമയവേഗത്തിന്റെ മേഘം.---പ്രതീക്ഷകളുടെ പെരുമഴക്കാലം,,,കൊള്ളാം

    ReplyDelete
  13. ചെറുതിവിടെ ആദ്യാണേയ്. അനുഗ്രഹിക്കണം :)

    കവിതകൾ പൊതുവെ ചെറുതിനിഷ്ടപ്പെടാറില്യ. കാരണം വാക്യം വെട്ടി വരികളാക്കുന്ന കവിതകളിലാണ് ചെറുത് ചെന്നുപെടുന്നതിലധികവും. ഇങ്ങനെ ഈണത്തിൽ ചൊല്ലാൻ പറ്റുന്ന കവിതകളിഷ്ടപ്പെടാറുമുണ്ട്. അപ്പൊ പറഞ്ഞ് വന്നത് ന്താച്ചാൽ................. ഷ്ടപ്പെട്ടൂന്ന്!

    ReplyDelete
  14. കവിത നന്നായി ഇഷ്ടപ്പെട്ടു.......
    നന്മകള്‍ നേരുന്നു......

    ReplyDelete
  15. പെയ്യാത്ത മഴ കവിതയിൽ കൂടി പെയ്തു തീർത്തു...

    ReplyDelete