P.VIJAYAKUMAR

Saturday, October 10, 2015

വരാത്ത ഒരാൾ

ആരുണ്ടെനിക്കെന്നുയിർക്കടൽ പങ്കിടാൻ?
ആരുണ്ടെനിക്കെന്റെ സാഗരം കേൾക്കുവാൻ?
തീരാവെയിലിലിടവം ചൊരിയുവാൻ?
ഓർക്കുമ്പൊളൊക്കെയെൻ നെഞ്ചിൽ മിടിക്കുവാൻ?
ഏതോ വഴിയിലെ ഗാനമായെത്തുവാൻ?
ഈ മരക്കൊമ്പിലെയീറൻ പകൽകളേ,
ചീറിയെത്തും കാറ്റിന്നങ്കണഗീതമേ,
ഒറ്റയ്ക്കു തീയിൽ നടക്കുന്ന പാന്ഥരേ,
ഒന്നും പറയാതെ കത്തും വസുന്ധരേ,
നീയോ, നിനവോ, തിരിച്ചറിയാത്തൊരെൻ
നേരോ? തിരകളിൽ നീറുന്ന ദൂരമോ?
പൊട്ടിയ നക്ഷത്രച്ചില്ലിലെയക്ഷരം
തൊട്ടു വായിക്കാൻ തിളയ്ക്കുന്ന മേഘമേ,
ആരുണ്ടെനിക്കെന്റെ രാവു പകുക്കുവാൻ?
ആരുണ്ടെനിക്കെന്റെയെന്നോടു ചേരുവാൻ?
ദൂരങ്ങളോർക്കാത്ത പാത തൻ നെഞ്ചിലെ
നേരൊപ്പിയെല്ലാം തികഞ്ഞു നടക്കുവാൻ.
മോഹങ്ങളേ! നിങ്ങളെന്നെപ്പിളർക്കുക;
ഞാനിങ്ങയുതായുതം തരിച്ഛിന്നമായ്,
ലോകങ്ങളൊക്കെപ്പറന്നു തെളിയട്ടെ.
വാഴ്‌വില്ല, ഞാനില്ല, നീയുമില്ലാത്തൊരു
ആരംഭ മന്ത്രസംഗീതകാലങ്ങളെ
നെഞ്ചാലെയൊപ്പിപ്പുലർന്നു പുലരട്ടെ.
ദുഃഖങ്ങളേ,- നിങ്ങളെന്നെത്തെളിക്കുന്ന
രത്നങ്ങളേ-,നേരമില്ലാത്ത തീരത്തി-
ലെന്നെത്തൊടുത്തു പിന്മാറി മറയുക.
സന്ധ്യയാ;ണിറ്റിറ്റിഴഞ്ഞന്ധകാരങ്ങൾ...

ഒറ്റയാൻ, നെഞ്ചു പുകഞ്ഞു പൊരുതുന്നൊ-
രൊറ്റനാമം മാത്രമോർക്കാനറിയുവോൻ
എന്നിൽ നിറങ്ങൾ തൻ നാകപരാഗമായ്‌,
വന്നു,മകന്നും, തെളിഞ്ഞും, മറഞ്ഞും,
നിൽക്കാതെരിയുന്ന മേഘകണികകൾ.
എന്തുണ്ടൊരു വഴി പെയ്തു തിമർക്കുവാൻ?

 ആരുണ്ടെനിക്കെന്നഴികൾ തകർക്കുവാൻ?
ആരുണ്ടെനിക്കു ചിറകുകൾ നൽകുവാൻ?
ഇപ്രപഞ്ചത്തോളം ചിന്ത പറക്കുവാൻ?
ഈ ഭൂമിയെപ്പോൽ പ്രണയിച്ചെരിയുവാൻ?
എത്തുമൊരാ,ളെന്നൊരേകാന്ത ദാഹത്തി-
ലറ്റു പോകും തന്ത്രി പോലെൻ ഞരമ്പുകൾ.
ആരുണ്ടെൻ മണ്ണിനെയാകാശമാക്കുവാൻ?
ഏകാന്തയാത്രയിൽ ദ്വീപുകളാകുവാൻ?

എല്ലാമരികിലുണ്ടെന്നാലകലെയെ-
ന്നെല്ലാ ദിനവുമുദിച്ചസ്തമിക്കയാൽ,
ദുഃഖങ്ങളേ, നിങ്ങളെന്നെപ്പുലർത്തുക!
സ്വപ്നങ്ങളേ, നിങ്ങളെന്നെ നയിക്കുക!


19 comments:

 1. അർത്ഥവത്തായ നല്ല വരികൾ

  ReplyDelete
 2. പ്രാസഭംഗിയുള്ള മനോഹരവരികള്‍.

  ReplyDelete
 3. ശ്രീ.അജിത്, ശ്രീ. പ്രദീപ്, ശ്രീ.ഉദയപ്രഭൻ, ശ്രീ.ജോസ് ലറ്റ്, നന്ദി, വായിച്ചതിനും അഭിപ്രായം കുറിച്ചതിനും.
  സന്തോഷം, കവിത ഇഷ്ടമായെന്നറിഞ്ഞതിൽ.

  ReplyDelete
 4. വളരെക്കാലത്തിന് ശേഷം ഒരു കവിത വായിച്ചപ്പോലെ.. മനോഹരമായ വരികള്‍ ..
  ഇടക്കുള്ള ഒരു വരി.....മാത്രം .....ഞാനിങ്ങയുതായുതം തരിച്ഛിന്നമായ്, പിടിതരാതെ കിടക്കുന്നു..

  ReplyDelete
 5. പൊട്ടിയ നക്ഷത്രച്ചില്ലിലെയക്ഷരം
  തൊട്ടു വായിക്കാൻ തിളയ്ക്കുന്ന മേഘമേ,
  പകരുന്ന വികാരം വല്ലാത്ത വിരഹവും ദുഖവും ആണെങ്കിലും
  വായന വരികളിൽ കൂടി പകരുന്നത് അനിർവചനീയമായ അനുഭൂതി തന്നെ
  ഓരോ വരിയും അതി സുന്ദരം
  മനോഹരം

  ReplyDelete
 6. പൊട്ടിയ നക്ഷത്രച്ചില്ലിലെയക്ഷരം
  തൊട്ടു വായിക്കാൻ തിളയ്ക്കുന്ന മേഘമേ,
  പകരുന്ന വികാരം വല്ലാത്ത വിരഹവും ദുഖവും ആണെങ്കിലും
  വായന വരികളിൽ കൂടി പകരുന്നത് അനിർവചനീയമായ അനുഭൂതി തന്നെ
  ഓരോ വരിയും അതി സുന്ദരം
  മനോഹരം

  ReplyDelete
 7. വരികളിലുടനീളം ഏകാന്തത, വേദന ഇവ നിറഞ്ഞു നിൽക്കുന്നു. നല്ല്ല കവിത. ആശംസകൾ

  ReplyDelete
 8. നല്ല കവിത. ആദ്യത്തെ രണ്ടു വരികൾ എന്താണ് എന്ന് മനസ്സിലായില്ല. ആരുണ്ട്‌ എന്ന ചോദ്യങ്ങളുടെ രണ്ടാം ഭാഗം ചിലപ്പോഴെങ്കിലും ആവർത്തനങ്ങൾ പോലെ അനുഭവപ്പെട്ടു. കവിതയുടെ വായനാ സുഖം ആലാപന സുഖം ഒക്കെ തരുന്ന ഒരു കവിത.

  ReplyDelete
 9. ആരൊരാളെൻ കുതിരയെക്കെട്ടുവാൻ... എന്ന് തുടങ്ങുന്ന വയലാറിന്റെ 'അശ്വമേധം' ഓർമിപ്പിച്ചു ആദ്യ രണ്ടു വരികൾ. തുടർന്ന് വായിച്ചപ്പോഴാണ് നിറഞ്ഞു നിൽക്കുന്ന ഏകാന്തത മനസിലായത്. മനോഹരമായ കവിത. "തീരാവെയിലിലിടവം ചൊരിയുവാൻ?" എന്ന വരി മനസ്സിലേറ്റി ഞാൻ മടങ്ങുന്നു. നന്ദി!

  ReplyDelete
 10. ജീവിതാരാമത്തിനപ്പുറത്തെത്തുന്ന
  മോഹങ്ങ,ളേകാന്ത ചിന്തതന്‍ നാമ്പുകള്‍
  ചുറ്റിപ്പിടിയ്ക്കുന്നിതാത്മാവിനുത്തരം
  താങ്ങുന്ന തൂണിലും പൊന്‍‌കഴുക്കോലിലും...

  ReplyDelete
 11. നല്ല വായനാസുഖം ഉണ്ടായിരുന്നു.

  ReplyDelete
 12. ഏകാന്തയെ കുറിച്ചുള്ള കവിത ....ലളിതമായ വാക്കുകളിലൂടെ വരച്ചു....
  നന്മകള്‍ നേരുന്നു......

  ReplyDelete
 13. നല്ല വരികള്‍ ,, ആരെക്കൊണ്ടെങ്കിലും ഈണം നല്‍കി പാടിച്ചു നോക്കൂ !! ആശംസകള്‍

  ReplyDelete
 14. പ്രാസത്തോടെ,
  താളത്തോടെ പാടാവുന്ന നല്ല വരികൾ

  ReplyDelete
 15. നല്ല വരികൾ...
  കവിത മനോഹരമായിട്ടുണ്ട്...
  ഇഷ്ടം

  ReplyDelete