P.VIJAYAKUMAR

Sunday, January 19, 2014

പ്രകാശമുറങ്ങുന്ന പകൽ


പകൽ,
വർണ്ണാംബരം  വകഞ്ഞു മാറ്റി
മണ്ണിനെപ്പുണരുന്നു.

വാതിൽപ്പടിയിൽ കിടന്നുറങ്ങുന്നവനെ
വിളിച്ചുണർത്തി ഞാൻ.
എനിക്കിങ്ങനെയൊക്കേ പറ്റൂ എന്ന്
അവൻ
ചെരിഞ്ഞെണീറ്റു.
അവന്റെ വിരൽത്തുമ്പുകളിൽ ഉറക്കം.
കാതിലും, കാലിലും ഉറക്കം.
കണ്ണീർ വറ്റിയ ചിന്തകളിൽ
എരിഞ്ഞു  നിൽക്കുന്നു ഉറക്കം...

തിരിഞ്ഞു നടക്കുമ്പോൾ അഞ്ചു രൂപ ചോദിക്കാനും അവൻ മറന്നില്ല.

വഴിയോരത്തെ മരങ്ങളിൽ ഉറക്കം പുകഞ്ഞു നിൽക്കുന്നു.
ഇലത്തുമ്പുകളിൽ ഇറ്റുനിൽക്കുന്ന ഉറക്കം.
വഴിയിലൂടെ ഇഴഞ്ഞു പോയ ചക്രങ്ങളിൽ ഉറക്കം.
താഴു തുറന്ന് അകത്തേക്കു കടക്കാൻ നോക്കുമ്പോൾ,
താക്കോലിലും കണ്ടു ഉറക്കത്തിന്റെ ഇരുട്ട്‌,.

ഈ നാടിന്‌ ഇങ്ങനെയൊക്കെയേ പറ്റൂ എന്ന്
അത്യുന്നതങ്ങളിലെങ്ങോ നിന്ന് പല്ലി ചിലച്ചു.

അകലുകയായിരുന്ന അവൻ തിരികെ വന്നു.
ഒരു അഞ്ചു രൂപ കൂടി വേണം.
എന്തെങ്കിലും കഴിച്ചിട്ട്‌...

ഞാനവന്റെ പേരന്വേഷിച്ചു.
പ്രകാശം –
അവൻ പറഞ്ഞു.


17 comments:

  1. പകലുകളും ഉറങ്ങാനുള്ളതാണെന്ന് പ്രകൃതിക്ക് പോലും പറയേണ്ടി വരുന്നു.. എല്ലാം മനുഷ്യന്റെ സ്വാര്‍ഥതയുടെയും അത്യാര്‍ത്തിയുടേയും ബാക്കിപത്രം..
    നല്ല വരികള്‍

    ReplyDelete
  2. അഞ്ചുരൂപകൊണ്ടെന്ത്

    ReplyDelete
  3. പ്രകാശമാണേൽ അഞ്ഞൂറു കൊടുത്താലും നഷ്ടമാവില്ല.

    വളരെ നല്ലൊരു കവിത

    ശുഭാശംസകൾ......

    ReplyDelete
  4. ഈ നാടിന്‌ ഇങ്ങനെയൊക്കെയേ പറ്റൂ എന്ന്
    അത്യുന്നതങ്ങളിലെങ്ങോ നിന്ന് പല്ലി ചിലച്ചു.

    ഉറങ്ങുന്ന പകലുകള്‍.
    നന്നായി.

    ReplyDelete
  5. അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖത്തിലെ കഥാപാത്രം എപ്പോഴും ഉറക്കം തൂങ്ങുന്നത് ഓർമ്മ വരുന്നു. ... പ്രകാശമുറങ്ങുന്ന പകൽ എന്ന ആശയം വളരെ നന്നായി - പക്ഷേ , ആ അഞ്ചുരൂപയുടെ പ്രസക്തി മനസ്സിലായില്ല.....

    ReplyDelete
  6. .സര്‍ , ..പക്ഷെ ഇന്ന് പത്തുരൂപകൊണ്ട് എന്തുവാങ്ങി വിശപ്പടക്കാനാവും ,ഒരു ചായയ്ക്കുതന്നെ .........
    , ഈ നാടിന്‍റെ ഉറക്കം...... നിഷ്ക്രിയത്വം ............നല്ല ആശയം !

    ReplyDelete
  7. നല്ല കവിത..ആശംസകൾ

    ReplyDelete
  8. കവിത നന്നായിരിക്കുന്നു... ആശംസകള്‍

    ReplyDelete
  9. നല്ല കവിത ആശംസകള്‍

    ReplyDelete
  10. ഉറങ്ങുന്ന നാട്...

    ReplyDelete
  11. ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ് എന്ന് തോന്നാറുണ്ട് ചിലപ്പോള്‍ .

    ReplyDelete
  12. ഉറങ്ങാൻ കൊതിക്കുന്ന പ്രകാശം അലസതയുടെ ലക്ഷണം ... ഉറക്കം നന്നായി ആശംസകൾ നേരുന്നു ഈ കുഞ്ഞു മയിൽ‌പീലി

    ReplyDelete
  13. തെളിയേണ്ട പലതിനെ തെളിയിക്കാതെയും, കാണേണ്ടതിനെ കാണിക്കാതെയും സമൂഹമിങ്ങനെ പകലും ഉറങ്ങുകയാണ്. ഉറക്കം തെളിയണമെങ്കില്‍ കൈക്കൂലിയില്ലാതെ പറ്റില്ലെന്നായി. ആ യാചനയെ തൃപ്തിപ്പെടുത്തിയെങ്കില്‍ മാത്രം കര്‍മ്മനിരതരാകാന്‍ ഉറക്കം നടിച്ച് കാത്തിരിക്കുന്നവര്‍..

    ReplyDelete
  14. പകലുറങ്ങുന്നവർക്ക് പ്രകാശം എന്തിനാണ്. അവൻ അകന്നു പോകട്ടെ..

    നല്ല കവിത.. ആശംസകൾ സാർ.

    ReplyDelete
  15. നല്ല ആശയം, മാഷേ... നന്നായെഴുതി.

    ReplyDelete
  16. വഴിയോരത്തെ മരങ്ങളിൽ ഉറക്കം പുകഞ്ഞു നിൽക്കുന്നു.
    ഇലത്തുമ്പുകളിൽ ഇറ്റുനിൽക്കുന്ന ഉറക്കം.
    വഴിയിലൂടെ ഇഴഞ്ഞു പോയ ചക്രങ്ങളിൽ ഉറക്കം.
    താഴു തുറന്ന് അകത്തേക്കു കടക്കാൻ നോക്കുമ്പോൾ,
    താക്കോലിലും കണ്ടു ഉറക്കത്തിന്റെ ഇരുട്ട്‌,.

    ReplyDelete